Kerala
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സജീവമാകുന്നതായി റിപ്പോർട്ട്. ശനിയാഴ്ച പാലക്കാട്ടെത്തുന്ന രാഹുൽ പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും.
വരുംദിവസങ്ങളിലും രാഹുൽ നിയമസഭയിലെത്തുമെന്നാണ് സൂചന. സഭയില്‍ കയറാത്തയാള്‍ മണ്ഡലത്തില്‍ വന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് രാഹുല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിലധികമായി രാഹുല്‍ പൊതുപരിപാടികള്‍ ഒഴിവാക്കി വീട്ടിലാണ് ചെലവഴിച്ചത്.
രാവിലെ 9.20 ഓടെ ഒരു സുഹൃത്തിന്റെ ഇന്നോവ കാറില്‍ നാല് പേര്‍ക്കൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്. രാഹുല്‍ എത്തുമോ എന്ന സസ്പെന്‍സ് നിലനില്‍ക്കെയാണ് ഔദ്യോഗിക വാഹനം ഒഴിവാക്കി രാഹുല്‍ നിയമസഭയിലെത്തിയത്.
സഭയിലെത്തിയ രാഹുല്‍ പ്രത്യേക ബ്ലോക്കിലാണ് ഇരുന്നത്. അതേസമയം, നിയമസഭയിലെത്തിയെങ്കിലും രാഹുലിന് സംസാരിക്കാൻ അവസരം ലഭിച്ചില്ല. സഭയിലെത്തിയ രാഹുലുമായി നജീബ് കാന്തപുരവും എ.കെ.എം അഷ്റഫും യു.എ ലത്തീഫും ടി.വി ഇബ്രാഹിമും സംസാരിച്ചു. നടപടികൾ പൂർത്തിയാക്കി സഭ പിരിയും മുൻപ് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സഭാതലത്തിൽ നിന്ന് ഇറങ്ങി എംഎൽഎ ഹോസ്റ്റലിലേക്ക് പോയി.
അതേസമയം, സഭയിലെത്തിയ രാഹുലിന് പ്രതിപക്ഷ നിരയില്‍ വന്ന കുറിപ്പും ചര്‍ച്ചയാകുന്നുണ്ട്. രാഹുലിന് ഒരു കുറിപ്പ് കിട്ടുകയും അതിനുള്ള മറുപടി എഴുതി നിയമസഭാ ജീവനക്കാരന്റെ കൈയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നാലെ രാഹുല്‍ സഭയില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
വിവാദങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് സഭ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഭരണപക്ഷത്തിനെതിരേ ഉയര്‍ത്തുന്ന പോരാട്ടങ്ങളുടെ മുനയൊടിക്കാന്‍ രാഹുലിന്റെ സാന്നിധ്യം ഭരണപക്ഷം ആയുധമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രാഹുല്‍ സഭയിലെത്തുന്നത് വിലക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
Kerala
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. രാഹുലിന് നിയമപരമായി സഭയിൽ വരാൻ അധികാരമുണ്ട്. എന്നാൽ ധാർമികയുടെ ഭാഗമായി അതില്ലെന്നും പ്രതിപക്ഷ നേതാവ് പോയി പണി നോക്കട്ടെ എന്ന നിലപാടാണിതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ആരോപണങ്ങൾ വസ്തുതയുടെ അടിസ്ഥാനത്തിലാണ് പുറത്ത് വന്നത്. എന്തും ചെയ്യാൻ അധികാരമുണ്ട് എന്നത് അങ്ങേയറ്റം തെറ്റാണ്. ചരമോപചാരം എന്ന ആദരവിനെ പരിഹസിക്കുന്ന നിലപാടാണിത്. കേരളത്തിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. യുഡിഎഫിലെ എല്ലാ കക്ഷികൾക്കും ഇതിനോട് യോജിപ്പാണെന്ന് കരുതുന്നില്ലെന്നും ജയരാജൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. സഭ തുടങ്ങി 20 മിനിറ്റ് പിന്നിപ്പോള്‍ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അനുസ്മരിക്കുന്നതിനിടെയാണ് രാഹുൽ കയറി വന്നത്.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ ഇരിക്കുക.
രാഹുൽ സഭയിലേക്ക് എത്തിയ സമയം അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായില്ല. രാഹുൽ സഭയിലെത്തുമോ എന്ന കാര്യത്തിൽ സസ്പെന്‍സ് നിലനിന്നിരുന്നു. അദ്ദേഹത്തിന്റെ സ്റ്റാഫ് ഒന്‍പതോടെ സഭയിലെത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിര്‍പ്പ് തള്ളിയാണ് രാഹുൽ സഭയിലെത്തിയത്. പ്രതിപക്ഷ നിരയിലെ പിൻബെഞ്ചിൽ, അവസാന നിരയിലെ അവസാന സീറ്റിലാണ് രാഹുലിന്റെ ഇരിപ്പിടം.